കോഴിക്കോട്- നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിച്ച മുരുകൻ കാട്ടാക്കടയുടെ വിപ്ലവ ഗാനത്തിനു ബദൽ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി. 'മനുഷ്യനാവണം, മനുഷ്യനാവണം ഉയർച്ച താഴ്ച്ചകൾക്കതീതമായ സ്നേഹമേ, നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം" എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈണം നിലനിർത്തി വരികൾ മാറ്റുകയാണ് ചെയ്തിരിക്കുന്നത്. അക്രമ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തെ വിമർശിച്ചുകൊണ്ടാണ് വരികൾ. യു.ഡി.എഫ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ സി.പി.എം പ്രതിസ്ഥാനത്തുള്ള സംഭവങ്ങൾ വാർത്താചാനലുകളിൽ വന്ന റിപോർട്ടുകളുടെ ദൃശ്യങ്ങൾ പാട്ടിനൊപ്പം നൽകിക്കൊകൊണ്ടും രാഷ്ട്രീയ കൊലക്ക് ഇരയായ കോൺഗ്രസിന്റെ ധീര രക്തസാക്ഷികളുടെ തിയതികൾ ക്രമം ആക്കിയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മനസു മാറണം, മനുഷ്യനാവണം കറുത്ത ചിന്തയിൽ പതിഞ്ഞ രക്തദാഹമേ നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാക്സിസം" എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന നജീബ് തച്ചൻപൊയിലാണ്. സാദിഖ് പന്തല്ലൂർ, ഹർഷ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന്റെ നിർമാണം ബദറു കൈതപ്പൊയിലാണ്.
ചോപ്പ്' എന്ന ചിത്രത്തിന് വേണ്ടി മുരുകൻ കാട്ടാക്കട എഴുതി ആലപിച്ചതാണ് ഒറിജിനൽ ഗാനം. മാർക്സിസത്തിന്റെ ധീരതയും ത്യാഗവും ഉയർത്തി പിടിക്കുന്ന ഈ ഗാനം ഇടതുപക്ഷ പ്രവർത്തകരും നേതാക്കളും തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
COMMENTS