ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം ഈ വർഷം 22 ബില്യൺ ഡോളർ സ്വരൂപിച്ച അംബാനിയുടെ മൊത്തം ആസ്തി 80.6 ബില്യൺ ഡോളറാണ്. യൂറോപ്പിലെ ഏറ്റവും വലിയ ധനികനായ ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെയാണ് അദ്ദേഹം പിന്തള്ളിയത്. ഈ വർഷം മാത്രം സമ്പത്തിൽ 22 ബില്യൺ ഡോളറിന്റെ കുതിപ്പാണ് റിലയൻസ് നേടിയത്.
ആമസോൺ ഉടമ ജെഫ് ബിസോസ്, മൈക്രൊസോഫ്റ്റിന്റെ ബിൽ ഗേറ്റ്സ്, ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ് എന്നിവരാണ് അംബാനിയുടെ മുന്നിലുള്ള ധനികർ. സിലിക്കൺ വാലി കോടീശ്വരന്മാരായ എലോൺ മസ്ക്, ലാറി പേജ്, വാറൻ ബഫെറ്റ് തുടങ്ങിയവരെല്ലാം ഇന്ത്യൻ കോടീശ്വരെൻറ പിന്നിലായിട്ടുണ്ട്.
ഗൂഗിളിന്റേത് ഉള്‍പ്പെടെ വൻതോതിൽ നിക്ഷേപം ലഭിച്ചതാണ് റിലയൻസിന്റെ കുതിപ്പിന് കാരണം. നിലവിലെ സർക്കാർ സംവിധാനങ്ങളും തങ്ങളുടെ വളർച്ചക്ക് അംബാനി ഉപയോഗിക്കുന്നുണ്ട്. ഇ-കൊമേഴ്സിലേക്കും റിലയൻസ് അടുത്തകാലത്ത് പ്രവേശിച്ചിരുന്നു.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് വരും വർഷങ്ങളിൽ 10 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ഗൂഗിൾ അടുത്തകാലത്ത് പറഞ്ഞിരുന്നു.

COMMENTS