മുംബൈ: ഈ സീസണിലെ ഐ.പി.എൽ നടക്കുമെന്ന് ഉറപ്പായതോടെ എം.എസ് ധോനിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിന് ശേഷം ക്രീസിലിറങ്ങാത്ത ധോനി ചെന്നൈ സൂപ്പർ കിങ്സിന്റെ ജഴ്സിയിൽ കളിക്കാനിറങ്ങുന്നത് ആരാധകർ ഇപ്പോഴേ സങ്കൽപിച്ചു കഴിഞ്ഞു. ഐ.പി.എല്ലിന്റെ 13-ാം സീസൺ സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെ യു.എ.ഇയിലെ മൂന്നു ഗ്രൗണ്ടുകളിലായി നടക്കുമെന്ന് ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ ഇന്ന് സ്ഥിരീകരിച്ചിരുന്നു.
ധോനി കളിക്കളത്തിൽ തിരിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഒട്ടേറെ ആരാധകരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യൻ ബാഡ്മിന്റൺ താരം കിദംബി ശ്രീകാന്തും അക്കൂട്ടത്തിലുണ്ട്. 'ഈ വർഷം ഐ.പി.എൽ നടക്കുമെന്ന് അറിഞ്ഞതിൽ സന്തോഷം. ധോനി വീണ്ടും കളത്തിലിറങ്ങുന്നത് കാണാനായി സന്തോഷത്തോടെ കാത്തിരിക്കുന്നു.' ശ്രീകാന്ത് ട്വീറ്റ് ചെയ്തു.

COMMENTS