മലയാളി നഴ്സ് മെറിന് ജോയിയെ കൊല്ലാന്‍ ഭര്‍ത്താവ് ഫിലിപ് മാത്യു നേരത്തെയും ശ്രമിച്ചിരുന്നതായി കോടതിയില്‍ പൊലീസ്. മെറിന് വിശ്വാസവഞ്ചന കാണിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് ഫിലിപ് മാത്യു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഫിലിപ് മാത്യുവിന് കോടതി ജാമ്യം അനുവദിച്ചില്ല.
ചൊവ്വാഴ്ചയാണ് ഫ്ലോറിഡ കോറല്‍ സ്പ്രിങ്സില്‍ മെറിന് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ കാര്‍ പാര്‍കിങ് സ്ഥലത്ത് കൊല നടന്നത്. മെറിന് ഡ്യൂട്ടി കഴിഞ്ഞ് വരുന്നത് കാത്ത് ഫിലിപ് 45 മിനിറ്റ് നിന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച ഒരാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ യുവാവാണ് കാറിന്റെ ഫോട്ടോയെടുത്ത് ഉടന്‍ പൊലീസിനെ വിവരം അറിയിച്ചത്. കുത്തിയത് ഭര്‍ത്താവെന്ന് മെറിന് പറയുന്നത് പൊലീസ് ചിത്രീകരിച്ചിട്ടുണ്ട്. സ്വയം കുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഫിലിപ്പിനെ രണ്ടു കൈയും ബാന്‍ഡേജിട്ട് നിലയിലാണ് കോടതിയില്‍ ഹാജരാക്കിയത്. ഫിലിപ്പിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും കരുതിക്കൂട്ടിയുള്ള കൊലയല്ലെന്ന് ന്യായം പറഞ്ഞ് കുറ്റം ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ഫിലിപ് മാത്യുവിന്റെ അഭിഭാഷകന്.
പക്ഷേ, പൊലീസ് ഈ വാദം അംഗീകരിച്ചിട്ടില്ല. കത്തിയും ചുറ്റികയും വാങ്ങി ആശുപത്രിയിലെത്തിയത് കൃത്യമായ ആസൂത്രണമെന്ന് പൊലീസ് വിലയിരുത്തുന്നു. ഫിലിപ്പിനെ മാനസിക പരിശോധനയ്ക്കും വിധേയനാക്കി. മെറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. മെറിന്റെ ഇരുപത്തിയാറാം ജന്മദിനമായിരുന്നു ഇന്നലെ.

COMMENTS